ഇന്ത്യ ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിൽ ന്യൂസിലാൻഡ് ബൗളർ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും നേടി റെക്കോർഡ് ഇട്ടിരിക്കുകയാണ് അജാസ് പട്ടേൽ. ഇതിനുമുൻപ് രണ്ടുപേർ മാത്രമാണ് ഒരു ഇന്നിംഗ്സിൽ തന്നെ 10 വിക്കറ്റും സ്വന്തമാക്കിയിട്ടുള്ളത്. മുൻ ഇംഗ്ലണ്ട് ബൗളർ ജിം ലേക്കർ, മുൻ ഇന്ത്യൻ ബൗളർ അനിൽ കുംബ്ലെയുമാണ് ഈ റെക്കോർഡിട്ടുള്ളത്. 1999 പാകിസ്താന് എതിരെയാണ് അനിൽ കുംബ്ലെ ഒരു ഇന്നിങ്സിലെ 10 വിക്കറ്റും നേടിയെടുത്തത്.
ഇതോടെ ന്യൂസിലാൻഡിന്റെ ഏറ്റവും മികച്ച ടെസ്റ്റ് പെർഫോമൻസ് ഇതായി മാറി. “ചരിത്രത്തിൽ ലെക്കറിനും കുമ്പളേക്കും ഒപ്പം സ്ഥാനം കിട്ടിയതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. ഞാൻ ജനിച്ച ഇടം, ഇവിടം തിരിച്ചെത്താനും ഈ നേട്ടം കൈവരിക്കാൻ സാധിച്ചതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു”. മത്സരശേഷം അജാസ് പറഞ്ഞ വാക്കുകളാണിത്. രണ്ടാംദിവസം കളിയുടെ അവസാനം ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ അജാസിനെ വാരിപ്പുണർന്നു. തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, ഇന്ത്യയുടെ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്, ഇന്ത്യൻ പേസ് ബൗളർ സിറാജ് മുഹമ്മദ് എന്നിവർ അജാസ് പട്ടേലിനെ അഭിനന്ദിക്കാനായി ന്യൂസിലാൻഡ് ഡ്രസ്സിംഗ് റൂമിലെത്തി.
42.5 ഓവറിൽ 119 റൺസ് വഴങ്ങിയാണ് അജാസ് 10 വിക്കറ്റ് നേടിയത്. ഈ സായാഹ്നം അജാസിന് ഒരിക്കലും മറക്കാൻ സാധിക്കില്ല. എന്നാൽ ഈ നേട്ടം കാണികൾക്ക് അധികം നേരം സന്തോഷം നൽകിയില്ല. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 325 റൺസിനെ പിന്തുടർന്ന് ഇറങ്ങിയ ന്യൂസിലൻഡ് വെറും 62 റൺസ് മാത്രം എടുത്തു എല്ലാവരും പുറത്തായി. എന്നിരുന്നാലും അജാസിന്റെ ഈ നേട്ടം ചരിത്രത്തിലെ വലിയ സംഭവമാണ്.