ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ് മത്സരത്തിൽ ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് ന്യൂസിലാൻഡ് ബൗളർ അജാസ് പട്ടേൽ. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയെ 325 റൺസിൽ ന്യൂസിലാൻഡ് തളച്ചു. ഇന്ത്യയ്ക്കായി മായങ്ക് അഗർവാൾ 150 റൺസ് നേടി അക്ഷർ പട്ടേൽ ഹാഫ് സെഞ്ചുറിയും നേടിയിരുന്നു. ഇവരുടെ മികവുറ്റ പ്രകടനം കൊണ്ടാണ് ഇന്ത്യക്ക് 325 എന്ന് സ്കോർ നേടാനായത്. ഇതിൽ എടുത്തു പറയേണ്ടത് ഇന്ത്യൻ വംശജനായ ന്യൂസിലാൻഡ് ബൗളർ അജാസ് പട്ടേലിന്റെ ഉജ്ജ്വല ബൗളിങ് പ്രകടനം ആണ്.
ഇന്ത്യയുടെ 10 വിക്കറ്റും പിഴുതെടുത്തത് അജാസ് ആണ് ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും നേടുന്ന ചരിത്രത്തിലെ തന്നെ മൂന്നാമത്തെ ബൗളറാണ് അജാസ് പട്ടേൽ. ഇതിനു മുന്നേ നേടിയത് മുൻ ഇന്ത്യൻ ബൗളർ അനിൽ കുംബ്ലെ ആണ്. 1956 ൽ മുൻ ഇംഗ്ലണ്ട് ഓഫ് സ്പിന്നർ ജിം ലേക്കർ ആണ് ഒരു ഇന്നിംഗ്സിൽ 10 വിക്കറ്റ് നേടുന്ന ആദ്യത്തെ ബൗളർ. മാഞ്ചസ്റ്ററിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ആഷസ് ടെസ്റ്റിൽ ആണ് ലേക്കർ ഈ റെക്കോർഡ് സ്വന്തമാക്കിയത്. 51.2 ഓവറിൽ വെറും 53 റൺസ് മാത്രം വഴങ്ങി 10 വിക്കറ്റുകൾ നേടിയാണ് അദ്ദേഹം ആദ്യമായി ചരിത്രം കുറിച്ചത്.
പിന്നീട് 43 വർഷങ്ങൾക്കിപ്പുറം ഇന്ത്യയുടെ അനിൽ കുംബ്ലെ ആണ് ഈ നേട്ടം കൈവരിച്ചത്. 1999 ൽ ഡൽഹിയിൽ നടന്ന പാകിസ്ഥാനെതിരെ ടെസ്റ്റ് മത്സരത്തിൽ 26.3 ഓവറിൽ 74 റൺസ് വഴങ്ങി കുംബ്ലെ നേടി. 22 വർഷങ്ങൾക്ക് ശേഷം ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ 10 വിക്കറ്റും നേടി ചരിത്രം കുറിച്ചിരിക്കുകയാണ് അജാസ് പട്ടേൽ. അജാസിനെ അഭിനന്ദിച്ച് അനിൽ കുംബ്ലെ രംഗത്തുവന്നിരിക്കുകയാണ് ” ഈ ക്ലബ്ബിലേക്ക് അജാസിന് സ്വാഗതം. ഇതൊരു വലിയ കാര്യം തന്നെയാണ് ” അനിൽ കുംബ്ലെ ഇങ്ങനെ പറഞ്ഞു.