ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പ് ടീം സെലക്ഷനിൽ തനിക്ക് അതൃപ്തി ഉണ്ടായിരുന്നു എന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവിശാസ്ത്രി പറഞ്ഞു. ടീം സെലക്ഷനിൽ തനിക്ക് പങ്ക് ഉണ്ടായിരുന്നില്ല എന്നും ടീമിൽ മൂന്ന് വിക്കറ്റ് കീപ്പർമാർ ഉൾപ്പെടുത്തിയത് മോശം തീരുമാനം ആയിപ്പോയി എന്നും രവിശാസ്ത്രി പറഞ്ഞു. വിചിത്രമായ തീരുമാനങ്ങൾ ആയിരുന്നു ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീം സെലക്ഷനിൽ നടന്നത്. എംഎസ് ധോണി, ഋഷഭ് പന്ത്, ദിനേശ് കാർത്തിക് എന്നീ മൂന്ന് വിക്കറ്റ് കീപ്പർമാരെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി ഇന്ത്യ സെമി ഫൈനൽ കളിക്കുകയായിരുന്നു. ആ മത്സരത്തിൽ ഇന്ത്യ 18 റൺസിന് പരാജയപ്പെട്ടിരുന്നു.
തുടക്കം നന്നായി കളിക്കാൻ പറ്റിയെങ്കിലും അപ്രതീക്ഷിതമായി ഇന്ത്യക്ക് വിക്കറ്റുകൾ നഷ്ടപ്പെട്ടു. വൻ പ്രതീക്ഷയോടെ ആയിരുന്നു ഇന്ത്യൻ ടീം കളി തുടങ്ങിയത്. ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്ന വിജയ് ശങ്കറിന് പരിക്ക് പറ്റിയിരുന്നു. ഇതിനെ തുടർന്നാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ കൂടി ആയ ഋഷഭ് പന്ത് ടീമിലെത്തിയത്. അതിനു മുന്നേ അമ്പാട്ടിറയുഡു ആയിരുന്നു വിജയ് ശങ്കറിന്റെ സ്ഥാനത്ത് കളിച്ചിരുന്നത്. അമ്പാട്ടി റായുഡുവിന് പകരം വിജയശങ്കറെ കളിക്കാൻ ഇറക്കിയത് നിരവധി വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. “ഏകദിനത്തിന് ആയുള്ള ഇന്ത്യൻ ടീം സെലക്ഷനെ പറ്റി എനിക്ക് ഒന്നും പറയാനില്ലായിരുന്നു.
ലോകകപ്പിനായി മൂന്ന് വിക്കറ്റ് കീപ്പർ മാരെ തിരഞ്ഞെടുത്ത തീരുമാനത്തോടെ എനിക്ക് ഒട്ടും യോജിക്കാൻ കഴിഞ്ഞിരുന്നില്ല. മിഡിൽ ഓഡറിൽ അമ്പാട്ടി റായുഡുവിനെയോ ശ്രേയസ് അയ്യരെയോ കളിക്കാൻ ഇറക്കണമായിരുന്നു. എംഎസ് ധോണി, ഋഷഭ് പന്ത്, ദിനേശ് കാർത്തിക് എന്നിവർ ഒരുമിച്ചു കളിക്കുന്നത് എന്ത് യുക്തിയാണുള്ളത്? എന്നോട് അഭിപ്രായം ചോദിച്ചപ്പോഴും പൊതുവായ ഒരു ചർച്ചയിൽ ഇടപെട്ടപ്പോൾ മാത്രമേ എന്റെ അഭിപ്രായം പറഞ്ഞിട്ടുള്ളൂ. സെലക്ടർമാരുടെ ജോലിയിൽ ഞാൻ ഇടപെട്ടില്ല ” രവിശാസ്ത്രി പറഞ്ഞത് ഇങ്ങനെയാണ്.