ഇക്കഴിഞ്ഞ ഐസിസി ടി20 വേൾഡ് കപ്പിൽ സെമിഫൈനൽ പോലും സ്ഥാനം കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിക്കാതെ പോയതിന്റെ കാരണം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം വസീം അക്രം. ടി20 ലോകകപ്പിലെ ആദ്യത്തെ രണ്ട് മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. ആദ്യമത്സരത്തിൽ പാകിസ്ഥാൻ 10 വിക്കറ്റിന് ജയം സ്വന്തമാക്കി. ഇത് ആദ്യമായിട്ടായിരുന്നു ഇന്ത്യ ടി20 ലോകകപ്പ് മത്സരത്തിൽ പാകിസ്താനോട് തോൽക്കുന്നത്. രണ്ടാമത്തെ മത്സരത്തിൽ ന്യൂസിലാൻഡിനോട് ഇന്ത്യ വീണ്ടും പരാജയപ്പെട്ടു. തുടർന്ന് മൂന്നു മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വിജയം നേടാൻ സാധിച്ചെങ്കിലും സെമി ഫൈനൽ പ്രവേശനം ലഭിച്ചില്ല.
“ഈ ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യ ആയിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ പാകിസ്താനോട് ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഷഹീൻ അഫ്രീദിയുടെ ബോളിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് വേണ്ടത്ര പിടിച്ചുനിൽക്കാനായില്ല. അതിനുശേഷം ഐപിഎല്ലിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനെ കുറിച്ച് ചർച്ചകളും വിമർശനങ്ങളും ഉയർന്നുവന്നു. മറ്റു രാജ്യങ്ങളിലെ ലീഗ് മത്സരങ്ങളിൽ ഇന്ത്യൻ കളിക്കാർ കുറച്ചുപേർ മാത്രമേ കളിക്കുന്നുള്ളൂ. പാകിസ്ഥാനും ഇന്ത്യയും തമ്മിൽ വളരെ കുറച്ചു മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്.
നിങ്ങൾ വിവിധരാജ്യങ്ങളിൽ കളിക്കുമ്പോൾ വ്യത്യസ്ത ബൗളർമാരെ നേരിടാനും, വ്യത്യസ്ത പിച്ചുകളിൽ കളിക്കാനുമ്മുള്ള എക്സ്പീരിയൻസ് ലഭിക്കും. എല്ലാ ലീഗിലും കളിക്കണം എന്നല്ല ഞാൻ പറയുന്നത്. മറ്റു വിദേശ രാജ്യങ്ങളിൽ നടക്കുന്ന ഒന്നോ രണ്ടോ ലീഗിൽ എങ്കിലും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ കളിപ്പിക്കണം. ഈ കാര്യം ഇന്ത്യ വേണ്ടവിധം ആലോചിക്കണം. ഐപിഎൽ തീർച്ചയായും ലോകത്തിലെ ഒന്നാം നമ്പർ ക്രിക്കറ്റ് ലീഗാണ്. പണത്തിന്റെ കാര്യത്തിലായാലും കഴിവിന്റെ അടിസ്ഥാനത്തിൽ ആയാലും. എന്നിരുന്നാലും മറ്റു ലീഗുകളിലും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ പങ്കെടുപ്പിക്കണം.” വസിം അക്രം ഇങ്ങനെ പറഞ്ഞു.