ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈ ഇന്ത്യൻസിന്റെ വിജയങ്ങൾക്ക് പിന്നിൽ തനിക്ക് വലിയ റോൾ ഇല്ലെന്ന് ക്യാപ്റ്റൻ രോഹിത് ശർമ. 2013ലാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനം രോഹിത് ശർമ ഏറ്റെടുക്കുന്നത്. മുംബൈ ഇന്ത്യൻസിനായി അഞ്ചു കപ്പുകൾ നേടിക്കൊടുത്തിട്ടുണ്ട്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ക്യാപ്റ്റൻ രോഹിത് തന്നെയാണ്. എന്നാൽ മുംബൈ ഇന്ത്യൻസ് നേടിയ ഈ വിജയങ്ങൾക്ക് പിന്നിൽ തനിക്ക് വലിയ റോൾ ഇല്ലെന്നാണ് രോഹിത് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
” ടീമിലുള്ള മറ്റുതാരങ്ങൾ ഉള്ളതിനാലാണ് മുംബൈ ഇന്ത്യൻസിന് ഇത്രയും വിജയങ്ങൾ നേടാൻ സാധിച്ചത്. തുറന്നു പറയുകയാണെങ്കിൽ എനിക്ക് കുറച്ചുമാത്രമേ റോൾ ഉള്ളൂ. എന്റെ ടീമിലെ എല്ലാവരും മികച്ചതായിരുന്നു. കൂടാതെ നിങ്ങൾക്ക് മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കാൻ നല്ല അന്തരീക്ഷം സൃഷ്ടിച്ചത് മുംബൈ ടീം മാനേജ്മെന്റ് ആണ്. ക്യാപ്റ്റനെന്ന നിലയിൽ ചില നിർണായക തീരുമാനങ്ങൾ ഞാൻ എടുക്കാറുണ്ട്. മത്സരത്തിലെ ആദ്യ ഓവർ, അവസാന ഓവർ ആരാണ് ചെയ്യേണ്ടതെന്ന് ഞാൻ നിർദ്ദേശിക്കാറുണ്ട്. എന്നിരുന്നാലും ഇത് ടീം മാനേജ്മെന്റിന്റെയും കളിച്ച എല്ലാ താരങ്ങളുടെയും കഠിനാധ്വാനം കൊണ്ടാണ് ഈ നേട്ടങ്ങൾ കൈവരിച്ചത് “. ഇങ്ങനെയാണ് രോഹിത് പറഞ്ഞു വച്ചത്.
2022ലെ ഐപിഎൽ മെഗാ ലേലത്തിന് മുൻപായി മുംബൈ ഇന്ത്യൻസ് ടീം നാലു താരങ്ങളെ നിലനിർത്തിയിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയെ 16 കോടിക്കും ജസ്പ്രീത് ബുംറയെ 12 കോടിക്കും സൂര്യകുമാർ യാദവിനെ എട്ടുകോടിക്കും കിറോൺ പൊള്ളാർഡ്നെ നാലു കോടിക്കും ആണ് മുംബൈ ഇന്ത്യൻസ് നിർത്തിയത്. അതേസമയം ഇന്ത്യയുടെ ഏകദിന നായകനായി ബിസിസിഐ രോഹിത്തിനെ നിയമിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു വിരാട് കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്താക്കി ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി രോഹിത് ശർമയെ നിയമിച്ചത്.