ഓസ്ട്രേലിയയിലെ ഗാബയിൽ നടക്കുന്ന ആഷസ് ടെസ്റ്റ് വൻ വിവാദങ്ങൾക്ക് കാരണമാകുന്നു. രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ 14 നോ ബോളുകൾ എറിഞ്ഞ ബെൻ സ്റ്റോക്സിന്റെ ബൗളിംഗ് ആണ് വിവാദമാകുന്നത്. സ്റ്റോക്സ് എറിഞ്ഞ 14 നോ ബോളുകളിൽ രണ്ടെണ്ണം മാത്രമേ ഓവർ സ്റ്റെപ്പിങ് എന്നതിന്റെ പേരിൽ നോബോൾ വിളിച്ചത്. ഇന്നിങ്സിലെ പതിമൂന്നാമത്തെ ഓവറിൽ ഡേവിഡ് വാർണറുടെ വിക്കറ്റ് നഷ്ടമായതോടെ യാണ് ഈ കാര്യം ശ്രദ്ധിച്ചു തുടങ്ങിയത്. വിക്കറ്റിന് മുൻപിൽ വാർണറുടെ പാഡിൽ തട്ടിയിട്ടും സ്റ്റോക്സ് കാര്യമായ അപ്പീൽ ഒന്നും കൊടുത്തില്ല.
ചിലപ്പോൾ അത് നോബോൾ ആണെന്ന് സ്റ്റോക്സിന് മുൻകൂട്ടി അറിയാമായിരുന്നതുകൊണ്ട് ആകാം. 17 റൺസ് എടുത്തിരിക്കെ വാർണറോട് അമ്പയർ വെയിറ്റ് ചെയ്യാൻ പറയുകയും സ്റ്റോക്സ് ക്രീസ് മറികടക്കുന്ന ദൃശ്യം വ്യക്തമാക്കുകയും ചെയ്തു. ഒടുവിൽ 94 റൺസ് എടുത്താണ് ഡേവിഡ് വാർണർ മടങ്ങിയത്. നേരത്തെ വാർണറുടെ എൽബിഡബ്ല്യു അപ്പീൽ ചോദിച്ച ഡെലിവറിക്ക് മുന്നേയുള്ള സ്റ്റോക്സ് എറിഞ്ഞ മൂന്ന് ബോളുകളും നോബോൾ ആയിരുന്നു. ഇതോടെ ഒരു ഓവറിൽ സ്റ്റോക്സ് നാല് നോബോൾ എറിഞ്ഞു എന്ന് വ്യക്തമായി. എന്നാൽ അവയിലൊന്നു മാത്രമേ നോബോളായി കിട്ടിയുള്ളൂ.
സ്റ്റോക്സ് 14 നോബോളുകൾ എറിഞ്ഞതിൽ രണ്ടെണ്ണം മാത്രമേ നോ ബോൾ കിട്ടിയുള്ളൂ എന്നത് സമൂഹ മാധ്യമങ്ങളിൽ വാർത്തയായതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ഈ വർഷം ഓഗസ്റ്റിലാണ് നോബോൾ വിളിക്കേണ്ട ചുമതല തേഡ് അമ്പയർക്ക് നൽകിയത്. എന്നാൽ ഫ്രണ്ട്ഫൂട്ട് നോബോൾ കണ്ടുപിടിക്കാനുള്ള സാങ്കേതികവിദ്യ ഈ പരമ്പരയിൽ ലഭ്യമല്ല. ഈ പ്രശ്നത്തെ തുടർന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് അമ്പയർക്കെതിരെ വിമർശവുമായി രംഗത്തുവന്നിട്ടുണ്ട്.