ഇന്ത്യയുടെ അഭിമാനം ആണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും വിദേശ താരങ്ങളും അണിനിരക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യക്കാർക്ക് വളരെ ആവേശമുണർത്തുന്ന ടൂർണ്ണമെന്റാണ്. 2022ൽ വരാനിരിക്കുന്ന ഐപിഎൽ ടൂർണമെന്റിനു മുന്നോടിയായി ടീം മാനേജ്മെന്റ് മെഗാതാരലേലത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്. പുതിയ നായകന്മാർ, പുതിയ കോമ്പിനേഷനുകൾ, പുത്തൻ താരോദയങ്ങൾ എന്നിവയെല്ലാം വരാനിരിക്കുന്ന ഐപിഎല്ലിനെ കൂടുതൽ ആവേശകരമാക്കും. ലേലത്തിനു മുന്നോടിയായി ഓരോ ടീമും നാലു താരങ്ങളെ നിലനിർത്തി കഴിഞ്ഞു. ഇനി ആരെ വേണമെങ്കിലും ഈ താരലേലത്തിൽ കോടികൾ മുതൽമുടക്കി ടീമുകൾക്ക് സ്വന്തമാക്കാം.
പല ടീമുകളും വർഷങ്ങളായി കളിച്ചുകൊണ്ടിരുന്ന താരങ്ങളെ ഒഴിവാക്കുന്ന ഈ അവസ്ഥയാണ് നമ്മൾ കണ്ടത്. ഈ വരുന്ന താരലേലം വലിയ അട്ടിമറികൾക്ക് കാരണമാകാം. താരങ്ങളിൽ ചിലർ അടുത്ത സീസണിൽ കളിക്കാൻ താല്പര്യമുള്ള ടീമുകളെ പറ്റി ആഗ്രഹങ്ങളും പ്രതീക്ഷകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇന്ത്യയുടെ മികച്ച സ്പിന്നർമാരിൽ ഒരാളായ രവിചന്ദ്രൻ അശ്വിൻ താൻ പോകാൻ ആഗ്രഹിക്കുന്ന ടീമിനെ കുറിച്ച് സൂചനകൾ നൽകിയിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലേക്ക് മടങ്ങിവരാനുള്ള സൂചനകളാണ് ആരാധകരുമായി പങ്കുവച്ചത്.
’40 ഷെയ്ഡ്സ് ഓഫ് ആഷ് ‘ എന്ന അശ്വിന്റെ യൂട്യൂബ് ചാനലിൽ ആണ് അശ്വിൻ വെളിപ്പെടുത്തലുകൾ നടത്തിയത്. ആരാധകരിൽ ഒരുവന്റെ ചോദ്യത്തിന് മറുപടിയായി അശ്വിൻ പറഞ്ഞത് ഇങ്ങനെയാണ്. “ചെന്നൈ എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു ടീമാണ്. എന്റെ സ്കൂൾ പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നാൽ 2 കൊല്ലം ഞാൻ പുറത്തു പോയി പഠിച്ചു. പഠനം പൂർത്തിയാക്കി വീട്ടിലേക്ക് മാടങ്ങണമല്ലോ? അതിനാൽ ഞാൻ വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. ഇതെല്ലാം ഐപിഎൽ താരലേലത്തെ മാത്രം ആശ്രയിച്ചിരുന്ന കാര്യമാണ്.” അശ്വിൻ ഇങ്ങനെ പറഞ്ഞു.