യു എ ഇ യിൽ വച്ച് നടന്നുകൊണ്ടിരിക്കുന്ന ഐ സി സി ടി20 ലോകകപ്പ് മത്സരത്തിൽ ഫൈനലിൽ പ്രവേശിക്കാൻ പോകുന്ന ടീമുകളെ പ്രവചിച്ചുകൊണ്ട് മുൻ ഓസ്ട്രേലിയൻ ഇതിഹാസം ഷെയിൻ വോൺ. സെമി ഫൈനൽലിസ്റ്റുകളിൽ ഏതൊക്കെ ടീമുകൾ ഉണ്ടായിരിരിക്കുമെന്നും ഷെയിൻ വോൺ പ്രവചിച്ചു. ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ വളരെ വാശിയോടെ കടന്നുപോകുമ്പോൾ ആദ്യത്തെ മൂന്നു മത്സരങ്ങളിലും വിജയം കരസ്ഥമാക്കിയ ഇംഗ്ലണ്ടും പാകിസ്ഥാനും ഏറെക്കുറെ സെമി ഫൈനലിൽ ഇടംപിടിച്ചു കഴിഞ്ഞിരിക്കുന്നു.
ആദ്യ രണ്ട് മത്സരങ്ങളിൽ ശക്തരായ ഇന്ത്യയെയും ന്യൂസിലാൻഡിനെയും പരാജയപ്പെടുത്തിയ പാകിസ്ഥാൻ മൂന്നാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെയും കീഴടക്കി. ഇംഗ്ലണ്ട് ആദ്യ മൂന്ന് മത്സരങ്ങളിൽ വെസ്റ്റിൻഡീസ്, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നീ ടീമുകളെ വളരെ നിഷ്കരുണം പരാജയപ്പെടുത്തി. ഇംഗ്ലണ്ടും പാകിസ്ഥാനും സെമി ഫൈനൽ ഉറപ്പിച്ചു നിൽക്കെ ഇന്ത്യയ്ക്കും ഓസ്ട്രേലിയയും സെമിഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ വലിയ പ്രകടനങ്ങൾ തന്നെ ആവശ്യമായി വരും.
ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം മത്സരത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ഓസ്ട്രേലിയ ആദ്യം നടന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചിരുന്നു. എന്നാൽ സൗത്ത് ആഫ്രിക്ക ആദ്യമത്സരത്തിൽ പരാജയപ്പെട്ടെങ്കിലും അടുത്ത 2 മത്സരങ്ങളിലും വിജയിച്ചത് ഓസ്ട്രേലിയയ്ക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.ഇനിയുള്ള മത്സരങ്ങളിലെല്ലാം വിജയിക്കുകയും സൗത്താഫ്രിക്ക ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയും ചെയ്താൽ മാത്രമേ ഓസ്ട്രേലിയയ്ക്ക് സെമിയിൽ പ്രവേശിക്കാനാകൂ. വരാനിരിക്കുന്ന രണ്ടു മത്സരങ്ങളിൽ ബംഗ്ലാദേശും വെസ്റ്റിൻഡീസും ആണ് ഓസ്ട്രേലിയയുടെ എതിരാളികൾ.
മറുഭാഗത്ത് പാകിസ്ഥാനുമായും ന്യൂസിലാൻഡ്മായും നടന്ന തുടർച്ചയായ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇനി തുടർച്ചയായ മൂന്ന് കളികളിലും ഇന്ത്യ വിജയിച്ചാൽ മാത്രമേ കണക്കുകൾ പ്രകാരം എങ്കിലും ഇന്ത്യയ്ക്ക് സെമിഫൈനലിലേക്ക് ഉള്ള പ്രവേശന യോഗ്യത ലഭിക്കൂ. ഇംഗ്ലണ്ടിനും പാകിസ്ഥാനുമൊപ്പം ഓസ്ട്രേലിയയും ഇന്ത്യയുമായിരിക്കും സെമിഫൈനലിൽ പ്രവേശിക്കുകയെന്നും ഫൈനൽ പോരാട്ടം ഇന്ത്യയും പാകിസ്ഥാനും തമ്മിലോ, ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലോ ആയിരിക്കുമെന്നും ഷെയ്ൻ വോൺ ട്വിറ്ററിൽ കുറിച്ചു.