February 8, 2023

തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ന്യൂസിലാൻഡ്

ഇന്ത്യ-ന്യൂസിലാൻഡ് ഒന്നാം ടെസ്റ്റിൽ ഒരു വിക്കറ്റ് ബാക്കിനിൽക്കെ ന്യൂസിലാൻഡ് സമനില പിടിച്ചെടുത്തു. രണ്ടാമിന്നിംഗ്സിൽ ന്യൂസിലാൻഡിന്റെ വിജയലക്ഷ്യം 284 റൺസായിരുന്നു. അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അജാസ് പട്ടേലും രച്ചിൻ രവീന്ദ്രയും ന്യൂസിലാൻഡിനെ പരാജയത്തിൽ നിന്നും രക്ഷിച്ചു. അജാസ് പട്ടേൽ 23 പന്തിൽ 2 റൺസ് നേടിയും രച്ചി രവീന്ദ്രൻ 98 പന്തിൽ 18 റൺസ് നേടിയും പുറത്താകാതെ നിന്നു. അഞ്ചാം ദിനം വെളിച്ചക്കുറവു മൂലം 90 ഓവറിൽ അമ്പയർമാർ കളി അവസാനിപ്പിക്കുകയായിരുന്നു.

അഞ്ചാം ദിനത്തിൽ ആദ്യ സെഷനിൽ മികച്ച പ്രകടനമാണ് ന്യൂസിലാൻഡ് കാഴ്ചവച്ചത്. ഓപ്പണിങ് പാർട്ട്ണർഷിപ്പ് 79 റൺസ് വരെ എത്തിച്ചു. ശേഷം ഇന്ത്യയുടെ വൻ തിരിച്ചുവരവ് ആയിരുന്നു. ന്യൂസിലാൻഡ് 118 റൺസിൽ നിൽക്കവേ ഓപ്പണർ ടോം ലാതം 52 റൺസെടുത്ത് പുറത്തായതോടെ ന്യൂസിലാൻഡ് തകർച്ച ആരംഭിക്കുകയായിരുന്നു. തുടർന്നുവന്ന ക്യാപ്റ്റൻ കെയിൻ വില്യംസൻ ഉൾപ്പെടെ ഒരാൾക്കും ഫോം കണ്ടെത്താനായില്ല. അവസാന വിക്കറ്റിൽ അജാസ് പട്ടേലിന്റെയും രച്ചിൻ രവീന്ദ്രന്റെയും നിലനിൽപ്പിൽ ആയിരുന്നു തലനാരിഴയ്ക്ക് ന്യൂസിലാൻഡ് പരാജയത്തിൽ നിന്നും രക്ഷപ്പെട്ടത്.

ന്യൂസിലാൻഡിന്റെ പരിചയസമ്പത്തുള്ള താരം റോസ് ടെയിലറിന് വെറും രണ്ടു റൺസെടുക്കാനെ കഴിഞ്ഞുള്ളു. ക്യാപ്റ്റൻ കെയിൻ വില്യംസൺ 24 റൺസ് നേടി പുറത്തായി. ഇന്ത്യയ്ക്കുവേണ്ടി അശ്വിൻ മൂന്നു വിക്കറ്റും രവീന്ദ്ര ജഡേജ നാലു വിക്കറ്റും അക്ഷർ പട്ടേൽ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇതോടെ അശ്വിൻ ഹർഭജന്റെ റെക്കോർഡ് തകർത്തു. രണ്ടാമിന്നിംഗ്സിൽ 284 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി ശ്രേയസ്സ് അയ്യരും വൃദ്ധിമാൻ സാഹയും ഹാഫ് സെഞ്ചുറി നേടിയിരുന്നു. ആദ്യത്തെ ഇന്നിംഗ്സിൽ തന്നെ ഇന്ത്യക്ക് 49 റൺസ് ലീഡ് ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *