ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റന് മോശമായ തുടക്കം. വിശ്രമത്തിനുശേഷം തിരിച്ചുവന്ന വിരാട് കോലിക്ക് പൂജ്യത്തിന് പുറത്താകേണ്ടിവന്നു. ഇന്ത്യൻ വംശജനായ ന്യൂസിലാൻഡ് സ്പിന്നർ അജാസ് പട്ടേലിന്റെ മുമ്പിലാണ് ക്യാപ്റ്റൻ കുരുങ്ങിയത്. ആദ്യ 3 പന്തുകൾ നേരിട്ട് ശേഷം അവസാന പന്തിൽ ഡിഫൻഡ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു താരം. പന്ത് പാഡിൽ തട്ടുകയും ഉടൻ ന്യൂസിലാൻഡ് താരങ്ങൾ ശക്തിയോടെ അപ്പീൽ ചെയ്യുകയും ചെയ്തു. ഓൺ ഫീൽഡ് അമ്പയർ ഉടൻ ഔട്ട് വിധിക്കുകയും ചെയ്തു. ഉടൻ ആത്മവിശ്വാസത്തോടെ കോഹ്ലി റിവ്യൂവിനു ആവശ്യപ്പെടുകയും ചെയ്തു.
തേർഡ് അമ്പയറുടെ പരിശോധനയിൽ ആദ്യനോട്ടത്തിൽ തന്നെ തന്റെ പേഡിൽ തട്ടിയതായി തോന്നിയെങ്കിലും വീണ്ടും വീണ്ടും നോക്കിയതോടെ പാഡിലും ബാറ്റിലും ഒരുമിച്ച് പന്ത് തട്ടിയതായി വ്യക്തമാകുകയായിരുന്നു. തുടർന്ന് പന്ത് ബാറ്റിൽ ആണ് ആദ്യം തട്ടുന്നത് എന്നതിന് മതിയായ തെളിവുകൾ ലഭിക്കാത്തതിനാൽ തേർഡ് അമ്പയറും ഔട്ട് വിധിച്ചു. അമ്പയറുടെ തീരുമാനത്തിൽ നിരാശനായാണ് കോഹ്ലി പ്രതികരിച്ചത്. രണ്ടാം ടെസ്റ്റിൽ കോഹ്ലി വന്നതോടെ കുറച്ച് മാറ്റങ്ങൾ ടീമിൽ വരുത്തിയിരുന്നു. ഈ മത്സരത്തിൽ സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ എന്നിവരെ ഉൾപ്പെടുത്തിയിരുന്നില്ല. ഇവർക്ക് പകരമായി യുവ കളിക്കാരെയാണ് ടീമിൽ ഉൾപ്പെടുത്തിയത്.
ജയന്ത് യാദവ്, മുഹമ്മദ് സിറാജ് എന്നിവരെയാണ് പകരക്കാരായി ടീമിലെത്തിച്ചത്. മത്സരത്തിൽ പൂജാരയും പൂജ്യം റൺസിന് പുറത്തായിരുന്നു. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യദിനം അവസാനിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കുവേണ്ടി മയങ്ക് അഗർവാൾ 128 റൺസുമായും വൃദ്ധിമാൻ സാഹ 25 റൺസ് നേടിയും ക്രീസിൽ തുടരുന്നു. 71 പന്തിൽ 44 റൺസെടുത്ത ശുഭ മാൻ ഗില്ലും 41 പന്തിൽ 18 റൺസെടുത്ത ശ്രേയസ് അയ്യരും പുറത്തായിട്ടുണ്ട്.