പ്രായം പലപ്പോഴും പല കാര്യങ്ങൾക്കും തടസ്സമായി മാറാറുണ്ട്. എന്നാൽ പ്രായം വെറും തോന്നൽ മാത്രമാണ് എന്ന് തെളിയിചിരിക്കുകയാണ് ഈ യുവതി. 61 കാരിയായ മോളി ജോയി ഇഷ്ടപ്പെട്ട രാജ്യങ്ങൾ ചുറ്റിക്കറങ്ങുകയാണ്. സ്കൂളിൽ പഠിക്കുന്ന വേളയിൽ ചെറിയ ഒരു സ്റ്റഡി ടൂർ പോലും പോകാൻ നമുക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ 61 കാരിയായ ഈ യുവതി കഴിഞ്ഞ പത്ത് വർഷങ്ങളായി സന്ദർശിച്ചത് പതിനൊന്നിൽ പരം രാജ്യങ്ങളാണ്. ആകെ ചിലവായത് ആകട്ടെ 10ലക്ഷം രൂപയിൽ താഴെയും.
ഇരുമ്പനം ചിത്രപ്പുഴ സ്വദേശിനിയാണ് മോളി. പലചരക്കുകട നടത്തിയാണ് ഇവർ ലോകം സഞ്ചരിച്ചത്. ആഗ്രഹങ്ങൾ ഉടലെടുത്തപ്പോൾ പണം താനെ വന്നു ചേരുകയായിരുന്നു എന്ന് മോളി പറയുന്നു. 2012 ലായിരുന്നു മോഡിയുടെ ആദ്യ യാത്ര. പിന്നീട് യാത്രകൾ തുടരുകയായിരുന്നു. 2004 ൽ 46കാരനായ ഭർത്താവ് ജോയ് മരിച്ചു. അപ്പോൾ മോളിക്ക് പ്രായം 42 ആയിരുന്നു. മക്കളായ ജോഷിക്ക് 20 ഉം ജിഷക്ക് 18 വയസ്സും ആയിരുന്നു പ്രായം.
എന്നാൽ അവിടെയും പതറാതെ പിടിച്ചുനിൽക്കാൻ മോളിക്ക് തുണയായത് ജോയി വീടിനോട് ചേർന്ന് തുടങ്ങിയ പലചരക്കുകട ആയിരുന്നു. കട മെച്ചപ്പെട്ടതോടെ കച്ചവടം കൂടുകയും ചെയ്തു. 2012 ൽ അയൽകാരിയാണ് ആദ്യമായി വിദേശ യാത്രയ്ക്ക് ക്ഷണിച്ചത്. 10 ദിവസം കൊണ്ട് ഇറ്റലി ഫ്രാൻസ് വത്തിക്കാൻ സ്വിറ്റ്സർലാൻഡ് ജർമനി എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. ഇതിന് ഒന്നേകാൽ ലക്ഷം രൂപ അന്ന് ചെലവായി. പിന്നീട് അഞ്ചു വർഷത്തെ മിച്ചം പിടിച്ച തുകയുമായി 2017 ൽ ആണ് രണ്ടാമത് യാത്ര പോയത്.
ഇപ്രാവശ്യം സിംഗപ്പൂരും മലേഷ്യയും ആയിരുന്നു ലക്ഷ്യം. പിന്നീട് ഉത്തരേന്ത്യയിലെ ഡൽഹി രാജസ്ഥാൻ ഉത്തർ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളും സന്ദർശിച്ചു. പിന്നീട് യൂറോപ്പ് ആയിരുന്നു ലക്ഷ്യം. 2019ൽ ആഗ്രഹം സാധിച്ചു. 15 ദിവസം കൊണ്ട് ബ്രിട്ടൻ നെതർലാൻഡ് ബെൽജിയം ജർമനി ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ കറങ്ങി. കഴിഞ്ഞവർഷം മോളി കറങ്ങിയത് അമേരിക്കയിലായിരുന്നു. ന്യൂയോർക്ക് സിറ്റി വാഷിംഗ്ടൺ ഡിസിയിൽ ഫിലാഡൽഫിയ പെൻസിൽവേനിയ ന്യൂജേഴ്സി തുടങ്ങിയ നഗരങ്ങൾ മോളി സന്ദർശിച്ചു.