ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. മുംബൈയിലാണ് രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്. കളി തുടങ്ങാൻ അല്പം വൈകി എങ്കിലും ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ദിനം കളി അവസാനിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എടുക്കാൻ കഴിഞ്ഞു. ഓപ്പണർമാരായ ശുഭമാൻ ഗില്ലും മായങ്ക് അഗർവാളും 80 റൺസ് കൂട്ടുകെട്ട് സമ്മാനിച്ചു. പിന്നീട് നമ്മൾ കണ്ടത് ന്യൂസിലാൻഡിന്റെ വൻ തിരിച്ചുവരവ് ആയിരുന്നു. 80 റൺസ് നേടി നിൽക്കേ മൂന്നു വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി.
44 റൺസെടുത്ത ശുഭമാൻ ഗില്ലും വിരാട് കോഹ്ലിയും ചേതേശ്വർ പൂജാരയും ഔട്ടായി. വിശ്രമത്തിനുശേഷം മടങ്ങിവന്ന വിരാട് കോഹ്ലിക്കും പൂജാരക്കും റൺസ് ഒന്നും എടുക്കാൻ കഴിഞ്ഞില്ല. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച ശ്രേയസ് അയ്യർക്കും കാര്യമായ പ്രകടനം കാഴ്ചവയ്ക്കാൻ ആയില്ല. വെറും 18 റൺസ് മാത്രമായിരുന്നു അയ്യർ നേടിയത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 120 നേടിയ മയങ്ക് അഗർവാളും 25 റൺസുമായി വൃദ്ധിമാൻ സാഹയും ക്രീസിൽ ഉണ്ട്. ഇന്ത്യൻ വംശജനായ ന്യൂസിലാൻഡ് സ്പിന്നർ അജാസ് പട്ടേൽ ആണ് ഇന്ത്യയുടെ നാലു വിക്കറ്റും എടുത്തത്.
രണ്ടാം ടെസ്റ്റിൽ കോഹ്ലി വന്നതോടെ ചെറിയ മാറ്റങ്ങൾ ടീമിൽ വന്നിട്ടുണ്ട്. ടീമിൽ സീനിയർ താരങ്ങളായ അജിൻക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ എന്നിവർക്ക് പകരം മുഹമ്മദ് സിറാജ്, ജയന്ത് യാദവ് എന്നിവരാണ് ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒന്നാം ടെസ്റ്റിൽ തലനാരിഴയ്ക്ക് ന്യൂസിലാൻഡ് പരാജയത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. കാൺപൂരിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചതിനാൽ ഈ ടെസ്റ്റിലെ വിജയം ടീമുകൾക്കും നിർണായകമാണ്.