February 9, 2023

മിന്നൽ സ്റ്റാർക്കും വെടിക്കെട്ട് വാർണറും! ഓസ്‌ട്രേലിയ വീണ്ടും ഫോമിൽ

ടി 20 വേൾഡ് കപ്പിന്റെ ആവേശത്തിലാണ് ഓരോ ക്രിക്കറ്റ് ആരാധകരും, എല്ലാ ടീമുകളും ലോകകപ്പിനായുള്ള തീവ്ര പരിശ്രമം തുടരുന്ന ഈ സമയത്ത് ക്രിക്കറ്റ് പ്രേമികളെല്ലാം കൺചിമ്മാതെ കാത്തിരിക്കുകയാണ് ഇത്തവണത്തെ വേൾഡ് കപ്പിൽ മുത്തമിടുന്നത് ആരായിരിക്കുമെന്നറിയാൻ. ആകാംഷയുടെ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോൾ ക്രിക്കറ്റ് പ്രവചകർക്ക് പോലും പ്രവചിക്കാൻ കഴിയാത്ത വിധത്തിലാണ് ഓരോ ടീമുകളുടെയും പ്രകടനം. നിർണായകമായ നിമിഷങ്ങളിൽ വമ്പൻ ടീമുകളെല്ലാം ഫോമിലേക്കെത്തുമ്പോൾ കുഞ്ഞൻ ടീമുകളുടെ അവസ്ഥയിൽ എന്തു മാറ്റങ്ങൾ സംഭവിക്കാമെന്നുള്ളത് നമുക്ക് കണ്ടറിയാം.

ഇത്തവണത്തെ ലോകകപ്പിൽ മുത്തമിടുന്നത് ഓസ്‌ട്രേലിയ ആകും എന്നുള്ള എല്ലാവരുടെയും വിശ്വാസത്തെ ഉറപ്പിക്കുന്ന രീതിയിലാണ് തുടർന്നുള്ള രണ്ടുകളികളിലും തുടർച്ചയായ വിജയങ്ങൾ കൈവരിച്ചുകൊണ്ട് ഓസ്‌ട്രേലിയ മികച്ച പ്രകടനം കാഴ്ചവെക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റ് ജയമാണ് ശ്രീലങ്കക്ക്‌ എതിരെ ആരോൺ ഫിഞ്ച് നയിക്കുന്ന ഓസ്ട്രേലിയൻ പട നേടിയത്. ടോസ് നേടി ബൗളിംഗ് സെലക്ട് ചെയ്ത ഓസ്ട്രേലിയൻ ടീം ശ്രീലങ്കയെ വെറും 154 റൺസിൽ ഒതുക്കിയപ്പോൾ വിജയലക്ഷ്യം വെറും 17 ഓവറിൽ തന്നെ മറികടക്കുവാൻ ഓസ്ട്രേലിയക്ക്‌ വീണ്ടും സാധിച്ചു. തുടർച്ചയായ വിജയങ്ങൾ കാണിക്കുന്നത് മികച്ച പരിശീലനത്തിന്റെ മികവിനെയാണ്.

ക്രിക്കറ്റ്‌ ലോകത്ത് ഇപ്പോൾ വളരെ അധികം പ്രചാരം നേടുന്നത് ലങ്കൻ ബാറ്റിങ് നടക്കവേ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് നേടിയ ഒരു മാജിക്ക് യോർക്കറാണ്. മത്സരത്തിൽ മനോഹരമായി ബൗൾ ചെയ്ത താരം 4 ഓവറിൽ 27 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി. ശ്രീലങ്കൻ ടീമിന്റെ സ്റ്റാർ ഓപ്പണർ കുശാൽ പേരെരയെ ഒരു അതിവേഗ യോർക്കറിൽ കൂടിയാണ് ഇന്നലെ സ്റ്റാർക്ക് പുറത്താക്കിയത്. മിച്ചൽ സ്റ്റാർക്കെറിഞ്ഞ കൃത്യമായ യോർക്കർ മുൻപിൽ ബാറ്റ്‌സ്മാന് ഉത്തരം ഇല്ലാതെ നോക്കിനിൽക്കേണ്ടിവന്നു. 35 റൺസാണ് കുശാൽ പേരെര നേടിയത്.

തന്റെ പഴയ ഫോമിലേക്ക് കൂടി എത്തിയ ഓപ്പണർ ഡേവിഡ് വാർണർ 42 ബോളിൽ 10 ഫോറുകൾ അടക്കം 65 റൺസ് നേടിയപ്പോൾ നായകൻ ആരോൺ ഫിഞ്ച് വെറും 23 പന്തുകളിൽ 5 ഫോറും ഒപ്പം 2 സിക്സും അടക്കം 37 റൺസ് നേടിയാണ് വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിലേക്ക് തുടക്കം കുറിച്ചത്. സ്റ്റീവ് സ്മിത്ത് (28), സ്റ്റോനിസ് (16 റൺസ് )എന്നിവരാണ് വിജയറൺസ് കുറിച്ചത്. ഡേവിഡ് വാർണറിന്റെ മികച്ച പ്രകടനം ഓസ്‌ട്രേലിയൻ ടീമിന്റെ തുറുപ്പുചീട്ടായി മാറിയിരിക്കുകയാണ്. മികച്ച ബൗളിംഗ് മികവും നല്ല ടീം ലീഡിങ് സ്കില്ലുകളും ഓസ്‌ട്രേലിയൻ ടീമിന്റെ മറ്റൊരു പ്രധാന പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *