ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വേട്ട തുടർന്നുകൊണ്ടിരിക്കുന്നു രവിചന്ദ്രൻ അശ്വിൻ. ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ് മത്സരത്തിലും മിന്നും ബൗളിംഗ് പ്രകടനമാണ് അശ്വിൻ കാഴ്ചവയ്ക്കുന്നത്. ഈ പ്രകടനത്തിലൂടെ മറ്റൊരു ഇതിഹാസ താരത്തിന്റെ റെക്കോർഡ് പിന്നിലാക്കി. ന്യൂസിലാൻഡിനെതിരെ നടന്ന ഒന്നാം ടെസ്റ്റ് മത്സരത്തിൽ രണ്ട് ഇന്നിംഗ്സുകളിലും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയിരുന്നു. അതോടെ ഹർഭജൻ സിങിന്റെ റെക്കോർഡ് അശ്വിൻ പിന്നിലാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളർ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.
ആ മത്സരത്തിൽ തന്നെ പാകിസ്ഥാൻ ഇതിഹാസതാരം വസീം അക്രത്തിന്റെ നേട്ടത്തെയും അശ്വിൻ പിന്നിലാക്കിയിരുന്നു. ഡിസംബർ 3 ന് തുടങ്ങിയ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 325 റൺസ് എടുത്തു എല്ലാവരും പുറത്തായി ഇന്ത്യയ്ക്കുവേണ്ടി മയങ്ക് അഗർവാൾ 150 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 62 റൺസിന് എല്ലാവരും പുറത്തായി. ഇന്നിംഗ്സിൽ 8 ഓവറിൽ എട്ട് റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തു അശ്വിൻ. ഈ നേട്ടത്തോടെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ സൗത്ത് ആഫ്രിക്കൻ താരം ഷോൺ പൊള്ളോക്കിനെ മറികടന്ന് പന്ത്രണ്ടാം സ്ഥാനത്തെത്തി ഇരിക്കുകയാണ് അശ്വിൻ. ഈ മത്സരത്തിലെ പ്രകടനത്തോടെ 81 മത്സരങ്ങളിൽ നിന്ന് 423 വിക്കറ്റുകൾ അശ്വിൻ സ്വന്തമാക്കിക്കഴിഞ്ഞു.
1995 മുതൽ 2008 കാലം വരെയാണ് ഷോൺ പൊള്ളോക്ക് സൗത്താഫ്രിക്കക്കു വേണ്ടി കളിച്ചത്. കളിച്ച 108 മത്സരങ്ങളിൽ നിന്നും 421 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയിട്ടുള്ള ബൗളർ കൂടിയാണ് അശ്വിൻ. കളിച്ച 8 മത്സരങ്ങളിൽ എന്ന് 48 വിക്കറ്റുകൾ ഈ വർഷം അശ്വിൻ നേടിക്കഴിഞ്ഞു. ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിൽ ആദ്യം ഇന്നിംഗ്സിൽ തന്നെ വമ്പിച്ച ലീഡ് കൂടിയാണ് ഇന്ത്യ മുന്നേറുന്നത്. അശ്വിനെ കൂടാതെ മുഹമ്മദ് സിറാജും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.