കഴിഞ്ഞുപോയ പലകാര്യങ്ങളും വീണ്ടും വീണ്ടു കിട്ടുക എന്നത് നടക്കാത്ത കാര്യമാണ് എന്ന് പലരും പറയാറുണ്ട്. എന്നാൽ നാം വിചാരിച്ചാൽ സാധിക്കാതായി ഒന്നുമില്ല എന്ന് തെളിയിച്ചു കാണിച്ചിരിക്കുകയാണ് ഈ ദമ്പതികൾ. എട്ടു വർഷങ്ങൾക്കു മുൻപാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. ഒരുപാട് സംഘർഷങ്ങൾക്ക് ഇടയിലാണ് വിവാഹം നടന്നത്. അതുകൊണ്ടുതന്നെ ഫോട്ടോസിൽ വേണ്ട രീതിയിലുള്ള സന്തോഷം ഇരുവരുടേയും മുഖത്ത് ഇല്ലായിരുന്നു. ഈ വിഷമം ഇപ്പോൾ മാറ്റിയിരിക്കുകയാണ് ഈ ദമ്പതികൾ.
വിവാഹദിനം പുനഃ സൃഷ്ടിക്കുകയാണ് ഇരുവരും ചെയ്തത്. എട്ടു വർഷങ്ങൾക്ക് ശേഷം പ്രീ വെഡിങ് ഷൂട്ട് ന്യൂജെൻ രീതിയിലാണ് ഇരുവരും നടത്തിയിരിക്കുന്നത്. വെഞ്ഞാറമൂട് കോട്ട കുന്നം മണ്ഡപ കുന്ന് കിളിക്കൂട്ടിൽ വി അനീഷ് ഡോക്ടർ വൈ എസ് രജിത ദമ്പതികളാണ് ഇവരുടെ വിവാഹ ദിവസം വീണ്ടും പുനഃസൃഷ്ടിച്ചത്. ഇരുവരുടെയും ഫോട്ടോസും വീഡിയോസും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. എന്നാൽ ഈ വെഡിങ് ഷൂട്ടിന് ഇരട്ടി മധുരം നൽകാൻ ഏഴുവയസ്സുകാരി അമ്മുവും ഉണ്ടായിരുന്നു.
2014 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. അന്ന് ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനീഷ്. രജിത എംകോം വിദ്യാർത്ഥിനിയും. രജിതയുടെ വീട്ടുകാർക്ക് വിവാഹത്തിന് സമ്മതം അല്ലായിരുന്നു. എങ്കിലും ഒളിച്ചോടാൻ ഇരുവരും തയ്യാറായില്ല. പിന്നീട് ചടങ്ങുകൾ ഇല്ലാതെ പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോകാൻ പെൺകുട്ടിയുടെ വീട്ടുകാർ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് അനീഷിന്റെ മാതാവും സഹോദരിയും എത്തി രജിതയെ വിളിച്ചു കൊണ്ടുവരികയായിരുന്നു.
പിന്നീട് ജീവിതം സന്തോഷത്തോടെ പോകുന്നതിനിടയിലാണ് വിവാഹ ദിനത്തിലെ ചിത്രങ്ങൾ കുറച്ചുകൂടി മനോഹരമാക്കാൻ ഇരുവരും ആഗ്രഹിക്കുന്നത്. പിന്നീട് സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനി മീര അജിത് കുമാർ ഇവരുടെ ആഗ്രഹം മനസ്സിലാക്കുകയും സഹായിക്കുകയും ആയിരുന്നു. ഇവർ മുഖേന ഫോട്ടോഷൂട്ടിൽ ഉള്ള സാഹചര്യം ഒരുക്കുകയും സേവ് ദ ഡേറ്റ് പ്രീ വെഡിങ് പോസ്റ്റ് വെഡിങ് എന്നിവയുടെ ഫോട്ടോഷൂട്ടുകൾ നടത്തുകയായിരുന്നു.