January 29, 2023

സച്ചിന്റെയും മൈക്കിൾ ക്ലാർക്കിന്റെയും നേട്ടത്തെ പിന്നിലാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

ഓസ്ട്രേലിയയിൽ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ആഷസ്‌ ടെസ്റ്റ് മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഈ മത്സരത്തിൽ ഫിഫ്റ്റി നേടിയതോടെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ഒരു റെക്കോർഡ് സ്വന്തമാക്കി. ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, സുനിൽ ഗവാസ്കർ, മുൻ ഓസ്ട്രേലിയൻ നായകൻ മൈക്കിൾ ക്ലാർക്ക് എന്നിവരുടെ നേട്ടത്തെയാണ് താരം പിന്നിലാക്കിയത്. അഡ്‌ലൈഡിൽ നേടിയ ഹാഫ് സെഞ്ചുറിയോടെ ഒരു വർഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ ബാറ്റർ എന്ന റെക്കോർഡ് റൂട്ട് സ്വന്തമാക്കി.

ഈ വർഷം കളിച്ച 14 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 1606 റൺസ് താരം നേടിയിട്ടുണ്ട്. ശരാശരി 64.24 റൺസാണ് ഇതിലൂടെ സ്വന്തമാക്കിയത്. 1979ൽ 18 മത്സരങ്ങളിൽ നിന്നും 1555 റൺസ് നേടിയിരുന്നു ഇന്ത്യയുടെ സുനിൽ ഗവാസ്ക്കർ. 2010 ൽ 14 മത്സരങ്ങളിൽ നിന്നും 78.10 ശരാശരി റൺസോടെ 7 സെഞ്ചുറിയും 5 ഫിഫ്റ്റിയും അടക്കം 1562 റൺസായിരുന്നു സച്ചിൻ നേടിയത്. 2012ൽ 11 മത്സരങ്ങളിൽ നിന്ന് 106.33 ശരാശരിയിൽ 1595 റൺസായിരുന്നു മൈക്കിൾ ക്ലാർക്കിന്റെ നേട്ടം. ഇവരെയെല്ലാം മറികടന്ന് നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് ജോ റൂട്ട്.

2008ൽ 15 മത്സരങ്ങളിൽ നിന്നും 1656 റൺസ് നേടിയ മുൻ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ഗ്രേയിം സ്മിത്ത്, 1976 ൽ 1710 റൺസ് നേടിയ വെസ്റ്റിൻഡീസ് താരം വിവിയൻ റിച്ചാർഡ്സ്, 2006 ൽ 1788 റൺസ് നേടിയ പാകിസ്ഥാൻ താരം മുഹമ്മദ് യൂസഫ് എന്നിവരാണ് ഇനി മുന്നിലുള്ളത്. ഈ വർഷം ഒരു ടെസ്റ്റ് മത്സരം കൂടി ബാക്കി നിൽക്കുന്നുണ്ട്. ഇനിയും റെക്കോർഡുകൾ ഭേദിക്കാൻ ജോ റൂട്ടിന് അവസരമുണ്ട്. ഓസ്ട്രേലിയ യുമായുള്ള ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ടീം പരാജയപ്പെട്ടിരുന്നു. ഇനിയുള്ള മത്സരങ്ങളിൽ ആരുടെയെല്ലാം റെക്കോർഡുകൾ പിന്തള്ളപ്പെടും എന്ന് കണ്ടു തന്നെ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *