മുംബൈയിൽ നടന്ന ഇന്ത്യ ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ് മത്സരത്തിലെ അത്യുജ്വല വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. വാങ്കഡെ സ്റ്റേഡിയത്തിൽ 540 റൺസാണ് ഇന്ത്യ ന്യൂസിലാൻഡിനെതിരെ ഉയർത്തിയ വിജയലക്ഷ്യം. അവസാന ദിവസത്തിൽ വെറും 167 റൺസ് മാത്രമാണ് ന്യൂസീലൻഡിനു എടുക്കാൻ സാധിച്ചത്. ഇതോടെ 378 റൺസിന്റെ ഞാൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. ഇന്ത്യയുടെ ബോളിംഗ് പ്രകടനം എടുത്തുപറയേണ്ടതാണ്. അശ്വിനും ജയന്ത് യാദവും നാലു വിക്കറ്റുകൾ വീതം വീഴ്ത്തി.
ഡാരൻ മിച്ചലും ഹെൻറി നിക്കോളോസുമാണ് ന്യൂസിലാൻഡിന് ഭേദപ്പെട്ട സ്കോർ നേടിയത്. നാലാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ ടോം ലാതം 6 റൺസെടുത്ത് അശ്വിന്റെ മുൻപിൽ കീഴടങ്ങി. തുടർന്ന് വിൽ യങ്ങിനെയും അശ്വിൻ പുറത്താക്കി. അർദ്ധ സെഞ്ചുറി നേടിയ ഡാരൻ മിച്ചലാണ് ടോപ് സ്കോറർ. 2 സിക്സും 7 ഫോറുകളും അടക്കം 92 പന്തിൽ 60 റൺസെടുത്തു. കളിയിൽ ഓൺ ഫീൽഡ് അമ്പയറുടെ തുടർച്ചയായ പിഴവുകളിൽ സഹികെട്ട് കോഹ്ലി അമ്പയറെ പരിഹസിച്ചു.
പതിനാറാം ഓവറിൽ അക്ഷർ പാട്ടേലിന്റെ മൂന്നാം പന്തിൽ ബാറ്റിംഗ് ചെയ്തുകൊണ്ടിരിക്കെ റോസ് ടെയ്ലറുടെ ബാറ്റിൽ തൊടാതെ ബൗണ്ടറി പോയത് ബാറ്റർക്ക് റൺസായി നൽകിയതാണ് കോഹ്ലിയെ പ്രകോപിപ്പിച്ചത്. ഇതോടെ “ഇവർ എന്താണ് കാണിക്കുന്നത്? ഒരു കാര്യം ചെയ്യൂ ഞാൻ അവിടെ വന്നു നിൽക്കാം. നിങ്ങൾ ഇവിടെ വന്നു നിന്നോള്ളൂ ” എന്ന് അമ്പയറുടെ നേർക്ക് നോക്കി പറയുകയായിരുന്നു. ഈ മത്സരത്തിൽ തന്നെ അമ്പയറുടെ പിഴവ് കാരണം കോഹ്ലി ഔട്ട് ആയിരുന്നു. അശ്വിൻ ആയിരുന്നു മാൻ ഓഫ് ദ സീരീസ്.