ഈ വരുന്ന ഡിസംബർ 26നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. വിരാട് കോഹ്ലി ആണ് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത്. പരിക്കുകൾ മൂലം രോഹിത് ശർമ മത്സരത്തിൽ കളിക്കാൻ ഇടയില്ല. ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം ഏകദിന മത്സരങ്ങളും ഉണ്ടായിരിക്കും. ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. സൗത്താഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് മികച്ച ബൗളിങ് പ്രകടനം കാഴ്ച വയ്ക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച താരം ഇന്ത്യൻ ബോളർമാർക്ക് ഉപദേശങ്ങളും നൽകി. രോഹിത് ശർമ്മയ്ക്ക് പുറമേ രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ശുഭമാൻ ഗിൽ എന്നിവരും കളിക്കില്ല.
കെഎൽ രാഹുൽ ആണ് രോഹിത് ശർമ്മയ്ക്ക് പകരം വൈസ് ക്യാപ്റ്റൻ. “വളരെ സന്തുലിതമായ ബൗളിംഗ് നിരയാണ് നമ്മുടേത്. നമ്മുടെ ഫാസ്റ്റ് ബൗളർമാർ എല്ലാവരും വളരെ വ്യത്യസ്തമായാണ് ബോൾ ചെയ്യുന്നത്. ജസ്പ്രീത് ബുംറ വ്യത്യസ്ത ആങ്കിളിൽ നിന്നാണ് വരുന്നത്. യുവതാരമായ മുഹമ്മദ് സിറാജ് ഇതിനോടകം മികച്ച ബൗളറായി കഴിഞ്ഞു. ഷാർദുൽ താക്കൂർ ബോൾ സ്വിങ് ചെയ്യാൻ മികച്ച കഴിവുള്ളവനാണ്. കളിക്കുന്ന ദിവസത്തെ ആശ്രയിച്ചാണ് ബോളിങ് നിരയെ തിരഞ്ഞെടുക്കേണ്ടത്. കളിക്കാരുടെ ഫിറ്റ്നസ് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ശ്രദ്ധിക്കാതെ വന്നാൽ വലിയ പിഴവ് സംഭവിക്കും.
കളിക്കിടയിൽ നമ്മുടെ കളിക്കാർക്ക് ഒരുപാട് പരിക്കുകൾ പറ്റുന്നു. രണ്ട് സ്പിന്നർമാർ കളിക്കുന്നില്ല. എന്നിരുന്നാലും മത്സരത്തിൽ 20 വിക്കറ്റ് നേടുവാനുള്ള ശക്തി നമുക്കുണ്ട് അതിനോടൊപ്പം അശ്വിന്റെ കഴിഞ്ഞ മത്സരത്തിലെ പ്രകടനവും ബൗളിംഗ് വേരിയേഷനും എന്നെ ഒത്തിരി ആകർഷിച്ചു. സ്വിങ് ലഭിക്കുകയാണെങ്കിൽ ഓഫ് സ്റ്റമ്പിന് ചുറ്റും പന്തെറിയാൻ പ്രോത്സാഹിപ്പിക്കും. ഒരിക്കലും ന്യൂ ബോൾ പാഴാക്കി കളയരുത്. സൗത്താഫ്രിക്കയിൽ ന്യൂ ബോൾ വളരെ നിർണായകമാണ്.” സച്ചിൻ ടെണ്ടുൽക്കർ ഇങ്ങനെ പറഞ്ഞു.